കാതിക്കുടം വിളിക്കുകയാണ്. വര്‍ഷങ്ങളായി ഈ വിളി തുടങ്ങിയിട്ട്… പക്ഷേ,
ഇതൊരു അവസാനവട്ട വിളിയാണ് . കാതിക്കുടത്തിന്റെ അതിജീവന സമരം അതിന്റെ
അന്തിമഘട്ടത്തിലാണ്. ” പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക ” എന്നു
മാത്രമാണ് കാതിക്കുടത്തിന് ഇപ്പോള്‍ ആഹ്വാനം ചെയ്യാനുള്ളത്.
ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ
‘നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്’ എന്ന കുത്തക കമ്പനിക്കെതിരെ
ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് 5 ലേറെ വര്‍ഷങ്ങളായി.
NGIL കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍
ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ
പുഴയിലേക്ക് തിരിച്ച് ഒഴുക്കി വിടുകയും ചെയ്യുന്ന NGIL നടപടിക്ക്
എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പല ഘട്ടത്തിലും സമരം അതിന്റെ
മൂര്‍ദ്ധന്യാവസ്ഥയിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, കാതിക്കുടം
തുടര്‍ച്ചയായി ഇത്രമേല്‍ തീവ്രമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ആറ് വര്‍ഷത്തോടടുത്ത സമരചരിത്രത്തില്‍ നിരന്തരം വ്യത്യസ്തമായ സമരമുറകള്‍
പരീക്ഷിക്കാനും ഏറെ സര്‍ഗ്ഗാത്മകമായി സമരത്തെ മുന്നോട്ടു കൊണ്ടുപോകുവാനും
ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു.
ഇക്കഴിഞ്ഞ മെയ് 28,29,30,31 ദിവസങ്ങളിലായി ചാലക്കുടിപ്പുഴയില്‍
മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്, ഇപ്പോള്‍ സമരം
വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്.
തുടര്‍ ആലോചനകള്‍ക്ക് ശേഷം കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന്റെ
നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം
ആരംഭിച്ചിരിക്കുകയാണ്. അതുവരെയുള്ള ദിവസങ്ങളില്‍ അന്നമനട, മൂഴിക്കുളം,
കണക്കന്‍കടവ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം പ്രകടനങ്ങളും
പൊതുയോഗങ്ങളും റോഡ് ഉപരോധവുമെല്ലാം സംഘടിപ്പിച്ച് സമരത്തിന് ശക്തിയേകാന്‍
സമരസമിതിക്ക് സാധിച്ചു.
കെ.എം.
അനില്‍കുമാര്‍ കണ്‍വീനറും, ജയന്‍ജോസഫ് പട്ടത്ത് ചെയര്‍മാനും,
സിന്ധുസന്തോഷ് ജനറല്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്
ഇപ്പോള്‍ കാതിക്കുടം സമരം ശക്തിപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 14 ഓടുകൂടി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുസന്തോഷ്
കാടുകുറ്റി പഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പോള്‍ എന്നിവര്‍
നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
നിരാഹാരത്തിന്റെ അഞ്ചാം നാള്‍ ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി
ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാരായ അംബിക രാജന്‍,
ഗിരിജാ ലോഹിതാക്ഷന്‍ എന്നിവര്‍ നിരാഹാരസമരം ഏറ്റെടുത്തു.
മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ 21 ന് വൈദ്യപരിശോധനക്കുശേഷം പോലീസ്
ഇവരേയും അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന്
നിരാഹാരമനുഷ്ഠിച്ച ത്രേസ്യാമ്മ മാത്യു, രജിത സുധീര്‍ എന്നിവരെ ജൂണ്‍ 24
നാണ് അറസ്റ്റുചെയ്തത്. ഇപ്പോള്‍ സുജിഷ അനൂപ്, മിനി മോഹനന്‍ എന്നിവരാണ്
നിരാഹാരം ഏറ്റെടുത്തിട്ടുള്ളത്.
നിരാഹാര സമരത്തിന് പുറമേ, നിരവധി പൊതുയോഗങ്ങളും പ്രകടനങ്ങളും
ഐക്യദാര്‍ഢ്യ ജാഥകളുമെല്ലാം പല സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.
ദിനം പ്രതി 100 കണക്കിനാളുകളാണ് സമരിത്തിന് ഐക്യദാര്‍ഢ്യം
പ്രഖ്യാപിക്കാനായി കാതിക്കുടത്തേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.
മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ, എം.എല്‍.എ. ടി.എന്‍. പ്രതാപന്‍,
ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫ്രാന്‍സീസ് പാറേക്കാടന്‍, ജൈവ
വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, ആരോഗ്യ
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കൊടിയന്‍,
വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പരിസ്ഥിതി
സാമൂഹിക പ്രവര്‍ത്തകരായ റോബിന്‍ കേരളീയം, ജോണ്‍ പെരുവന്താനം, ഫാ.
അഗസ്റ്റിന്‍ വട്ടോളി, ഡോ: സി.എം. ജോയ്, കെ.പി.ശശികല, വി.ആര്‍.സത്യവാന്‍,
തുടങ്ങിയ നിരവധി പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരില്‍
പെടുന്നു.
5 വര്‍ഷത്തെ സമരത്തിന്റെ നാള്‍ വഴികളില്‍ മഹാശേത്വാദേവി, ദയാഭായ്,
ഗോവിന്ദാചാര്യ, ബിനായ്ക് സെന്‍, മേധാപടര്‍കര്‍, സാറാജോസഫ്, സി.
ശരത്ചന്ദ്രന്‍, ചാരുലത, സുകുമാര്‍ അഴീക്കോട് അടക്കമുളളവര്‍
കാതിക്കുടത്തിന്റെ ഒപ്പം ചേരാനെത്തിയിരുന്നു.
കടപ്പാട് / doolnews
(തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )