Tuesday, 18 June 2013

നരകത്തില്‍നിന്നുള്ള വാര്‍ത്തകള്‍

ഞെട്ടിക്കുന്ന നിയമ ലംഘനങ്ങള്‍. 
സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍. 
മാരക മലീനീകരണം.
കാന്‍സറും ശ്വാസകോശ രോഗങ്ങളും മൂലമുള്ള നിരന്തര മരണങ്ങള്‍.
കേരള ചരിത്രത്തിലെ ഏറ്റവം വലിയ ജല ചൂഷണങ്ങളിലൊന്ന്.
സമാനതകളില്ലാത്ത പാരിസ്ഥിതിക ദുരന്തം. 
ഇത് കാതിക്കുടത്തിന്റെ കഥ


(2011 ജനുവരി 31ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)







കെ.പി റഷീദ്
മരണവും രോഗവുമാണ് കാതിക്കുടത്തിന്റെ നിത്യഭാവം. വിഷപ്പുക നിറഞ്ഞ ആകാശം. ചത്തുപൊന്തിയ മീനുകള്‍ അടിഞ്ഞു കിടക്കുന്ന കൈത്തോടുകള്‍. മൃതിയുടെ രുചിയുള്ള കിണര്‍ വെള്ളം. ചെന്നു കയറുന്ന വീടുകളില്‍ വിഷമലിനീകരണം ഇല്ലാതാക്കിയ മനുഷ്യരുടെ ഛായാചിത്രങ്ങള്‍. മരണം കാത്തു കിടക്കുന്ന മാരക രോഗികള്‍. മരണം വാ പിളര്‍ന്നു നില്‍ക്കുന്ന ചുറ്റുപാടില്‍ കുഞ്ഞുങ്ങളും യുവാക്കളും മധ്യവയസ്കരും. വിഷപ്പുക തങ്ങിനില്‍ക്കുന്ന കമ്പനിക്കടുത്ത സ്ഥലങ്ങളില്‍ കണ്ടവര്‍ക്കെല്ലാം പറയാനുള്ളത് ഉറ്റവരുടെ മരണ വിവരങ്ങള്‍.

കൊരട്ടിയില്‍നിന്ന് കാതിക്കുടത്തേക്കുള്ള യാത്രയില്‍ കമ്പനി എത്തുന്നതിനടുത്ത റോഡരികിലെ വീട്ടില്‍ നീല ടാര്‍പോളിന്‍ പന്തല്‍ കണ്ടു. ബൈക്ക് നിര്‍ത്തി, ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ അജിലാല്‍ ചൂണ്ടിക്കാട്ടി, 'രണ്ടു മാസം മുമ്പ് ഞാന്‍ വന്നു പടമെടുത്ത വീടാണത്. കാന്‍സര്‍ ബാധിച്ചു കിടന്ന മൊതയില്‍ വേലായുധന്റെ വീട്'. മരിച്ചത് വേലായുധന്‍ തന്നെയെന്ന് ഇത്തിരി കഴിഞ്ഞപ്പോള്‍ കണ്ട സമരസമിതി പ്രവര്‍ത്തകന്‍ എം.സി ഗോപി പറഞ്ഞു. വേലായുധനൊപ്പം അജിലാല്‍ കാമറയിലാക്കിയ മൊതയില്‍ വേലുക്കുട്ടിയും മരിച്ചെന്ന് ഗോപി പറഞ്ഞു.

കമ്പനിക്കു പുറകിലെ പെരുന്തോടിനു ചുറ്റുമുള്ള കുറേ വീടുകളില്‍ പിന്നീട് ഗോപിക്കൊപ്പം കയറിയിറങ്ങി. എല്ലാ വീടുകളിലും ഒന്നും അതിലധികവും കാന്‍സര്‍ മരണങ്ങള്‍. യാത്ര നിര്‍ത്തി മടങ്ങുമ്പോള്‍, ഗോപിയോട് വെറുതെ ചോദിച്ചു, വീട്ടിലാരുണ്ട്. 'അമ്മയും ഞാനും. അച്ഛന്‍ അഞ്ചു വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ചു മരിച്ചു'.

സമരപ്പന്തലില്‍ പരിചയപ്പെട്ട ജോജിയുടെ അച്ഛനും കാന്‍സര്‍ വന്നാണ് മരിച്ചത്. കമ്പനിക്കെതിരെ കേസ് നല്‍കിയ ജിജോയുടെ പിതാവിനെ ശ്വാസകോശരോഗം കൊണ്ടുപോയി. വധശ്രമക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന സമരസമിതിയുടെ സജീവപ്രവര്‍ത്തകന്‍ തങ്കച്ചന്റെ മാതാപിതാക്കളും കാന്‍സര്‍ ബാധിച്ച് മരിച്ചു. കമ്പനിക്കടുത്തു താമസിക്കുന്ന സമരസമിതി കണ്‍വീനര്‍ അനില്‍കുമാറിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അമ്മയെ കണ്ടില്ല. കാന്‍സര്‍ രോഗിയായ അവര്‍ ഡോക്ടറെ കാണാന്‍ പോയതാണ്.
' രോഗം ഇവിടെ പടരുകയാണ്. മരണവും. എന്നിട്ടും, സര്‍ക്കാറും അധികൃതരുമെല്ലാം കണ്ണടക്കുന്നു. എതിര്‍ക്കുന്നവരെ തോല്‍പ്പിക്കാന്‍ കമ്പനിക്കു കൂട്ടു നില്‍ക്കുന്നു. നോക്കൂ, ഇക്കാണുന്ന ഞങ്ങള്‍ക്ക് ഇപ്പോള്‍ രോഗമില്ല. എന്നാല്‍, ഏതു നിമിഷവും അതുണ്ടാവാമെന്ന് എല്ലാവര്‍ക്കും അറിയാം. മരണം എത്തുന്നത് വരെ പൊരുതുക മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴി'-അനില്‍കുമാര്‍ പറയുന്നു.

ഇത് കാതിക്കൂടത്തിന്റെ വിധിയാണ്. മരിച്ചു തീരല്‍. മൂന്ന് പതിറ്റാണ്ടു മുമ്പ് പ്രവര്‍ത്തനമാരംഭിച്ച നിറ്റ ജലാറ്റിന്‍ കമ്പനി വിഷമലിനീകരണവും വിഭവചൂഷണവുമെല്ലാം തുടരുകയാണ്. മരണവും അതേപടി തുടരുന്നു. എല്ലാവരും ഇക്കാര്യങ്ങള്‍ സമ്മതിക്കുന്നുവെങ്കിലും സര്‍ക്കാറോ രാഷ്ട്രീയ പാര്‍ട്ടികളോ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല. പകരം , മരിക്കാതിരിക്കാന്‍ കുതറുന്ന പാവം മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുകയാണ് അവര്‍. സര്‍ക്കാര്‍ പിന്തുണയില്‍ കമ്പനി നിരന്തരം ജയിക്കുന്നു. സത്യത്തില്‍ മരണം മാത്രമാണ് കാതിക്കുടത്തോട് നീതി കാട്ടുന്നത്.

ഇരകള്‍ വീണ്ടു തോറ്റു
കാതിക്കുടത്തെ മനുഷ്യര്‍ ഏറ്റവും അവസാനമായി തോറ്റത് കഴിഞ്ഞ ആഴ്ചയാണ്. ജനുവരി 18ന് തൃശൂര്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍. അഞ്ചാറു കൊല്ലം മുമ്പ് വരെ കാടും മലയും പാഞ്ഞുകയറി പരിസ്ഥിതി പ്രശ്നങ്ങളില്‍ ഇടിമുഴക്കം സൃഷ്ടിച്ച വി.എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയാണ് അവരെ തോല്‍പ്പിച്ചത്. ഏമ്പക്കം വിടുമ്പോള്‍ പോലും കമ്യൂണിസ്റ്റ് രാഷ്ട്രീയം പുറത്തുവരുന്ന വ്യവസായ മന്ത്രി എളമരം കരീമിന്റെ കാര്‍മികതത്വത്തിലാണ് ഈ നാടിന്റെ നെഞ്ചകത്ത് ഒരാണി കൂടി അടിച്ചത്.

32 വര്‍ഷം നീണ്ട വിഷമലിനീകരണ ചരിത്രത്തില്‍ ആദ്യ ഉന്നത തല ചര്‍ച്ചയായിരുന്നു അത്. തോല്‍പ്പിക്കാനുള്ള മറ്റൊരു നാടകമാണ് അരങ്ങേറാനിരിക്കുന്നത് എന്നറിഞ്ഞിട്ടും സന്തോഷത്തോടെ ആക്ഷന്‍ കൌണ്‍സിലും ഇരകളും ചര്‍ച്ചക്കു ചെന്നു. സര്‍ക്കാറിനുമുന്നില്‍ പ്രശ്നങ്ങള്‍ പറയാന്‍ ആദ്യം കിട്ടുന്ന അവസരം പാഴാക്കരുതല്ലോ.

പ്രത്യക സാഹചര്യത്തിലാണ് ചര്‍ച്ചക്കു വഴിയൊരുങ്ങിയത്. ചാലക്കുടിപ്പുഴയുടെ നെഞ്ചിലേക്കു കമ്പനി വിഷജലം തുറന്നുവിടുന്ന കൂറ്റനൊരു കുഴലുണ്ട്. ജനുവരി ഏഴിന് പുഴയുടെ കുണ്ടു കടവിലെ അതിന്റെ മാന്‍ഹോള്‍ ഷട്ടര്‍ പൊട്ടി. വിഷജലം ഇരുണ്ട് പുറത്തേക്ക് ഒഴുകി. പ്രക്ഷോഭത്തെ തുടര്‍ന്ന് ഖനജലം വിടുന്നത് നിര്‍ത്തിയെന്നും ശുദ്ധീകരിച്ച ജലമാണ് പുഴയില്‍ ഒഴുക്കുന്നതെന്നുമുള്ള കമ്പനി വാദമാണ് ഇതോടെ ഒഴുകിപ്പോയത്. പെട്ടെന്നുതന്നെ ചോര്‍ച്ച അടക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ആക്ഷന്‍ കൌണ്‍സിലും നാട്ടുകാരും തടഞ്ഞു. പഞ്ചായത്ത് ഭൂമിയിലുടെ അനുമതിയില്ലാതെ മാലിന്യം ഒഴുക്കുന്ന പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നത് നിര്‍ത്താന്‍ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് അറ്റകുറ്റപപണിക്ക് കമ്പനി വീണ്ടും ശ്രമം നടത്തി. കലക്ടറുടെ ഉത്തരവുണ്ടെന്ന് പറഞ്ഞ് പൊലീസിന്റെ പിന്തുണയോടെ നടന്ന ശ്രമം സമരസമിതി തടഞ്ഞു. തുടര്‍ന്ന് പൊലീസ് സമരക്കാര്‍ക്കെതിരെ നടത്തിയ ഏകപക്ഷീയ ലാത്തിച്ചാര്‍ജില്‍ 23പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമായിരുന്നു.

തുടര്‍ന്ന്, തഹസില്‍ദാര്‍ എത്തി അറ്റകുറ്റപ്പണി തടഞ്ഞു. എന്നാല്‍, പിറ്റേന്ന് കമ്പനി വീണ്ടും ശ്രമം തുടര്‍ന്നപ്പോള്‍ സമരസമിതി തഹസില്‍ദാരെയും പൊലീസിനെയും വിളിച്ചു. പൊലീസ് വന്നെങ്കിലും ഇടപെടാതെ തിരിച്ചു പോയി. തുടര്‍ന്ന് നാട്ടുകാരും തൊഴിലാളികളുമായി കശപിശ നടന്നു. മലിനജലം പുറത്തുവിടാന്‍ കഴിയാതെ കമ്പനി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍, വല്ല വിധേനയും ഉല്‍പ്പാദനം തുടരുന്നതിന് അവസരം ഒരുക്കാനാണ് മന്ത്രിയുടെ മുന്‍കൈയില്‍ ചര്‍ച്ചനടന്നത്.

ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കും മുമ്പ് മന്ത്രി നാടകമാരംഭിച്ചു. മലിനീകരണം പഠിക്കാന്‍ എട്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസത്തിനകം അവര്‍ റിപ്പോര്‍ട്ട് നല്‍കും. അതുവരെ ഉല്‍പ്പാദനം നടത്താന്‍ അനുവദിക്കണം. സര്‍ക്കാറിന്റെ സ്വന്തം ആളുകളായിരുന്നു പഠനസമിതിയില്‍. ഭരണം മാറുംവരെ റിപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞ് സമരക്കാരെ കുടുക്കാനും പിന്നീടുള്ള കാര്യം അടുത്ത സര്‍ക്കാറിന്റെ കോര്‍ട്ടിലേക്ക് തട്ടാനുമായിരുന്നു മന്ത്രിയുടെ തന്ത്രം. നിലവില്‍ കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കുക, സമരസമിതി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നത് നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളില്‍നിന്ന് ചെറുചിരിയോടെ മന്ത്രി തടിയൂരി. മലിനീകരണം പഠിക്കാന്‍ വിദഗ്ദ സമിതി എന്നെഴുതി മാധ്യമങ്ങള്‍ കൂര്‍ക്കം വലി തുടര്‍ന്നു.

ഇതിനിടെ, എന്നത്തേയും പോലെ കോടതിയില്‍നിന്ന് അനുകൂല ഉത്തരവു വാങ്ങി പൊലീസ് ഏമാന്‍മാരുടെ ഉശിരന്‍ കാവലില്‍ കമ്പനി പൈപ്പ് അറ്റകുറ്റപ്പണി നടത്തി. ചരിത്രത്തിലെ ആദ്യ ചര്‍ച്ച കഴിഞ്ഞ് ഇരകള്‍ നാട്ടില്‍ തിരിച്ചെത്തുമ്പോഴേക്ക് കമ്പനിയില്‍ ഉല്‍പ്പാദനം തകൃതിയായിരുന്നു.

കൊടും വഞ്ചനയുടെ ജുഗല്‍ബന്ദി
ഈ സംഭവത്തിന്റെ അനേകം ആവര്‍ത്തനങ്ങളാണ് കാതിക്കുടത്തിന്റെ ചരിത്രം. ഒരു ജനത മരിച്ചു തീരുന്നതിന്റെ ലക്ഷണമൊത്ത തിരക്കഥ.
തൃശൂര്‍ നഗരത്തില്‍നിന്ന് 40 കിലോ മീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ ചാലക്കുടി പുഴയുടെ തീരത്ത് 1975ലാണ് കേരള കെമിക്കല്‍സ് ആന്റ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) എന്ന സ്ഥാപനം ആരംഭിച്ചത്. ജെലാറ്റിന്‍ ഉണ്ടാക്കാന്‍ ആവശ്യമായ ഓസീന്‍ എന്ന പ്രോട്ടീന്‍ മൃഗങ്ങളുടെ എല്ലില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ് കാതിക്കൂടത്തെ ഫാക്ടറിയില്‍ നടക്കുന്നത്. ഹൈഡ്രോക്ലോറിക് ആസിഡ്, ചുണ്ണാമ്പ്, വെള്ളം എന്നിവയാണ് ഉല്‍പ്പാദന പ്രക്രിയയിലെ ചേരുവകള്‍. പ്രതിദിനം 120 ടണ്‍ എല്ലാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. 1.2ലക്ഷം ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡും 2കോടി ലിറ്റര്‍ വെള്ളവും പ്രതിദിനം ആവശ്യമായി വരുന്നു.(മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ഉദ്ധരിച്ച് കമ്പനി അവകാശപ്പെടുന്നത് എല്ല് 80 ടണും വെള്ളം 62 ലക്ഷം ലിറ്ററുമെന്നാണ്). മാലിന്യം കൂടുതലും ഉല്‍പ്പന്നം കുറവും എന്നതാണ് ഓസീന്‍ ഉല്‍പ്പാദനത്തിന്റെ പ്രത്യേകത.

ഉല്‍പ്പാദിക്കപ്പെട്ട ഒസീന്റെ മൂന്നില്‍ രണ്ടു ശതമാനവും ജപ്പാനിലേക്ക് കയറ്റി അയക്കുന്നു. ബാക്കിയുള്ളത് ചുണ്ണാമ്പും വെള്ളവും ചേര്‍ത്ത് ലൈംഡ് ഒസീന്‍ (limed Ossien)എന്ന രൂപത്തിലാക്കുന്നു. ഇത് കാക്കനാടുള്ള ജെലാറ്റിന്‍ നിര്‍മാണ യൂനിറ്റിലേക്ക് അയക്കുന്നു. ഡൈ കാല്‍സ്യം ഫോസ്ഫേറ്റ് എന്ന ഉപോല്‍പ്പന്നവും കമ്പനി നിര്‍മിക്കുന്നു.

കമ്പനിയുടെ തന്തമാര്‍ ആര്?
കമ്പനിയുടെ ഇപ്പോഴത്തെ ഉടമകള്‍ ആര്. ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇതാണ്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും നിറ്റ ജലാറ്റിന്‍ എന്ന ജപ്പാനീസ് കമ്പനിയും ചേര്‍ന്ന സംയുക്ത സംരംഭമായാണ് ഇത് തുടങ്ങിയത്. തുടക്കത്തില്‍ 52 ശതമാനം ഓഹരികളും കോര്‍പറേഷനായിരുന്നു. എന്നാല്‍, ഇപ്പോള്‍ 30 ശതമാനത്തോളം ഓഹരികള്‍ മാത്രമാണ് വ്യവസായ വികസന കോര്‍പറേഷന്റെ കൈയില്‍. ഭൂരിഭാഗം ഓഹരികളും ജപ്പാന്‍ കമ്പനികളായ നിറ്റജലാറ്റിന്‍ കമ്പനിക്കും മിത്സുബിഷി കോര്‍പറേഷനുമാണ്. 2008ല്‍ നാടകീയമായി കമ്പനിയുടെ പേര് നിറ്റജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍.ജി.ഐ.എല്‍) എന്നാക്കി മാററി. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള അര്‍ധ പൊതുമേഖലാ സ്ഥാപനം പൊടുന്നനെ ജപ്പാനീസ് കമ്പനിയുടെ പേരു സ്വീകരിച്ചത് ഒട്ടും ചര്‍ച്ച ചെയ്യപ്പെടാതെയായിരുന്നു.

വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍, ഇതൊരു സ്വകാര്യ കമ്പനി ആണെന്നും നിയമം ഇതിനു ബാധകമല്ലെന്നുമായിരുന്നു കമ്പനിയുടെ മറുപടി. ഇതേ കാര്യം പിന്നീട് കേരള വ്യവസായ വികസന കോര്‍പറേഷനും സ്ഥിരീകരിച്ചു. വിവരാവകാശ നിയമ പ്രകാരം തൃശൂരിലെ ജനനീതി ആരാഞ്ഞ ചോദ്യങ്ങള്‍ക്ക് മറുപടിയായി കോര്‍പറേഷന്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ 2010 ജൂണ്‍ 18 നാണ് മറുപടി നല്‍കിയത്. കാതിക്കുടത്തുള്ളത് സ്വകാര്യ കമ്പനിയാണെന്നായിരുന്നു വിശദീകരണം. ഗവേഷകനായ റാം പ്രസാദ് കാഫ്ലേക്ക് കാതിക്കുടം ഗ്രാമ പഞ്ചായത്ത് നല്‍കിയ മറുപടിയിലും ഇക്കാര്യം പറയുന്നു.

ഈ മറുപടി അനേകം ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സര്‍ക്കാറിന്റെ 52 ശതമാസം ഓഹരി എങ്ങനെ 30 ശതമാനമായി കുറഞ്ഞു? ബാക്കി 20 ശതമാനം ഇപ്പോള്‍ ആരുടെ കൈയിലാണ്? ബഹുരാഷ്ട്ര കുത്തകകളുടേതാണ് കമ്പനി എങ്കില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, വ്യവസായ വികസന കോര്‍പറേഷന്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ തുടങ്ങിയവര്‍ കമ്പനിയുടെ തലപ്പത്ത് തുടരുന്നതിന്റെ അര്‍ഥം എന്താണ്? വ്യവസായ മന്ത്രി എളമരം കരീം കമ്പനിക്കാര്യത്തിന് മുന്നിട്ടിറങ്ങുന്നത് ഏത് അടിസ്ഥാനത്തിലാണ്? സര്‍ക്കാര്‍ ഏജന്‍സികള്‍ കമ്പനിക്കു വേണ്ടി കൈമെയ്യ് മറന്ന് പ്രവര്‍ത്തിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?

 പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ നേരത്ത കമ്പനിയുടെ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ഇപ്പോഴും കമ്പനിയുടെ സ്വന്തം ആളാണ്. സ്വകാര്യ സ്ഥാപനമാണ് ഇതെങ്കില്‍ ഇതെങ്ങിനെ സാധ്യമാവും? ജപ്പാനീസ് ബഹുരാഷ്ട്ര കമ്പനി മലിനീകരണം, വിഭവ ചൂഷണം, കൈയേറ്റം എന്നിവ തുടരുന്നത് ആരുടെ പിന്‍ബലത്തിലാണ്? കമ്പനിയുണ്ടാക്കുന്ന കോടികളുടെ ലാഭവിഹിതം പോവുന്നത് ആരുടെയൊക്കെ കൈകളിലേക്കാണ്? ഈ ചോദ്യങ്ങളുടെ മറുപടി കമ്പനിയുടെ ഇരുമ്പുമറ കടന്ന് ഇതുവരെ പുറത്തെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഇനി, കൃത്യമായ ഉത്തരം നല്‍കേണ്ടത് സര്‍ക്കാറാണ്. ഇനിയെങ്കിലും വി.എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇനിയെങ്കിലും ഇക്കാര്യം വ്യക്തമാക്കേണ്ടി വരും.

ജപ്പാന്‍ കമ്പനിയുടെ പ്രതിനിധികളായ നോറിമോചി സോഗ, കെ. ഇനൌ, ടി.യമാകി തുടങ്ങിയവരും ഡയരക്ടര്‍ ബോര്‍ഡിലുണ്ട്. ഭോപ്പാല്‍ ദുരന്തത്തില്‍ യൂനിയന്‍ കാര്‍ബൈഡ് ചെയ്തതു പോലെ ദുരന്തം വന്നാല്‍ ജപ്പാനീസ് കുത്തകകള്‍ക്ക് ഉത്തരവാദിത്വങ്ങളില്‍നിന്ന് തലയൂരാന്‍ കഴിയുന്ന വിധത്തിലാണ് കമ്പനിയുടെ അധികാര ഘടനയെന്നാണ് അറിയുന്നത്. അങ്ങനെ എങ്കില്‍, ഒരു നാടിനെയും നാട്ടാരെയും മുഴുവന്‍ നശിപ്പിച്ച ശേഷം പൊടിയും തട്ടി പോവാന്‍ കമ്പനിക്കു അനായാസം കഴിയുമെന്നാണ് വ്യക്തമാവുന്നത്.
വ്യവസായ വകുപ്പിന്റെ ഒത്താശകളോടു കൂടിയാണ് കമ്പനി എല്ലാ പ്രശ്നങ്ങളില്‍നിന്നും തലയൂരുന്നത്. ഭരണതലങ്ങളില്‍ വമ്പിച്ച സ്വാധീനമുള്ള ഉന്നത ബ്യൂറോക്രാറ്റുകളാണ് കമ്പനിയുടെ സംരക്ഷണത്തിന് എന്നും രംഗത്തുള്ളത്. ഇതു തന്നെയാണ് കമ്പനിക്കെതിരായ നീക്കങ്ങള്‍ മുട്ടയില്‍ ചത്തു പോവാനുള്ള കാരണം.

വെള്ളക്കൊള്ള
കമ്പനി നടത്തുന്ന നിയമലംഘനങ്ങള്‍ അനവധിയാണ്. ഇതില്‍ പ്രധാനം വെള്ളക്കൊള്ളയാണ്. ഓസീന്‍ ഉല്‍പ്പാദനത്തിന് കമ്പനി പ്രതിദിനം രണ്ട് കോടി ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, പ്രതിദിനം 60 ലക്ഷം ലിറ്റര്‍ വെള്ളമെടുക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം. ഇത് തെറ്റാണെന്ന് ആക്ഷന്‍ കൌണ്‍സില്‍ തെളിയിച്ചിട്ടുണ്ട്.

ചാലക്കുടി പുഴയില്‍ സ്വന്തമായി പമ്പ് ഹൌസ് സ്ഥാപിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് 60 hp മോട്ടോറുകള്‍ ഉപയോഗിച്ച് പടുകൂറ്റന്‍ പൈപ്പുകളിലാണ് കമ്പനി വെള്ളം ഊറ്റുന്നത്. പഞ്ചായത്തില്‍നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരനുമതിയും ഇതിന് നേടിയിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയുണ്ടെന്ന് കമ്പനി പിന്നീട് പിന്നീട് വാദിച്ചെങ്കിലും തങ്ങള്‍ക്ക് അനുമതി നല്‍കാന്‍ അധികാരമില്ലെന്ന് 2009ല്‍ ബി.ഡി.ദേവസി എം.എല്‍.എ കാതിക്കുടത്ത് വിളിച്ചു ചേര്‍ത്ത പരിപാടിയില്‍ അന്നത്തെ മലിനീകരണ ബോര്‍ഡ് ചെയര്‍മാന്‍ എസ്.ഡി.ജയപ്രസാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

പുഴയോരത്ത് അനുമതിയില്ലാതെയാണ് കമ്പനി പമ്പു ഹൌസ് സ്ഥാപിച്ചത്. വെള്ളം എത്തിക്കുന്നതിനുള്ള കൂറ്റന്‍ പൈപ്പ് സ്ഥാപിച്ചതും അനുമതിയില്ലാതെയാണ്. ഭൂമി കൈയേറിയതു കൂടാതെ മറ്റാര്‍ക്കും പ്രവേശനം നല്‍കാത്ത വിധം കമ്പനി പ്രത്യേക കാവല്‍ക്കാരെയും നിയോഗിച്ചിട്ടുണ്ട്. മലിനീകരണത്തെ കുറിച്ച് പഠിക്കുന്നതിന് ഈ കാവല്‍ക്കാര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതായി നെതര്‍ലാന്റ് സര്‍വകലാശാലയിലെ ഗവേഷകന്‍ റാം പ്രസാദ് കാഫ്െലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 32 വര്‍ഷം കൊണ്ട് കമ്പനി 23,000 കോടി ലിറ്റര്‍ ഓളം വെള്ളം ഇവിടെനിന്ന് ഊറ്റിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്ക്. ആരോടും അനുമതി വാങ്ങാതെ നഗ്നമായി നടത്തുന്ന വെളളക്കൊള്ളയായതിനാല്‍ കമ്പനി ചില്ലിക്കാശ് ഇതിനു നല്‍കിയിട്ടില്ല.



മാലിന്യത്തിന്റെ ഉറവകള്‍
ഹൈഡ്രോക്ലോറിക് ആസിഡ് കലര്‍ന്ന വെള്ളം, ഭീമമായ അളവില്‍ പുറത്തേക്കു തള്ളുന്ന മജ്ജയും മാംസാവശിഷ്ടങ്ങളും, ഗ്രീസ്, എണ്ണ ഇവയൊക്കെയാണ് പ്രതിദിനം കമ്പനി ചാലക്കുടിപ്പുഴക്കും കാതിക്കൂടത്തിനും സമ്മാനിക്കുന്നത്. ഓസീന്‍ പ്ലാന്റില്‍ നിന്നു മാത്രമുള്ള മാലിന്യപ്പട്ടികയാണ് മുകളില്‍ നിരത്തിയത്. ലൈംഡ് ഒസീന്‍ നിര്‍മ്മാണ യൂനിറ്റില്‍ നിന്ന് വന്‍ തോതില്‍ ചുണ്ണാമ്പും മറ്റ് ദ്രവീകൃത മാലിന്യങ്ങളും പുറത്തെത്തുന്നു. ഡൈ കാല്‍സ്യം ഫോസ്ഫേറ്റ് പ്ലാന്റില്‍ നിന്ന് ക്ലോറൈഡുകള്‍ കണ്ടമാനം പുറത്തേക്കൊഴുകുന്നു.

വെള്ളം എടുക്കുന്നു എന്നതു മാത്രമല്ല, ഉല്‍പ്പാദന ശേഷം മാലിന്യം നിറഞ്ഞ നിലയില്‍ ഈ ജലം തിരിച്ച് അതേ പുഴയിലേക്കു തന്നെ ഒഴുക്കുകയുമാണ് കമ്പനി. ഇതിനും പഞ്ചായത്തിന്റെ അനുമതിയില്ല. പൊതുസ്ഥലത്തു കൂടെയാണ് കമ്പനിയുടെ മാലിന്യ ഒഴുക്കല്‍. കാതിക്കുടത്തുകാര്‍ മാത്രമാണ് ഈ വിഷം ചുമക്കുന്നതെന്ന പൊതു ധാരണ തെറ്റാണ്. ചാലക്കുടി പുഴയിലെ വെള്ളം ഉപയോഗിക്കുന്ന നിരവധി ഗ്രാമപഞ്ചായത്തുകളും സ്ഥാപനങ്ങളും വിഷം ഏറ്റുവാങ്ങുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൌസ് പ്രവര്‍ത്തിക്കുന്നത് മലിനജല പൈപ്പ് പുഴയില്‍ ചെന്ന് ചേരുന്നതിന് സമീപത്താണ്. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ പ്രദേശത്തും മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍, പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നത് ഈ പമ്പ് ഹൌസില്‍ നിന്നാണ്. വൈന്തല മാമ്പ്ര - ചെട്ടിക്കുന്ന് കുടിവെള്ള പദ്ധതിയിലൂടെ പതിനായിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ളമുപയോഗിക്കുന്നത്. ഇവിടെയുള്ള വൈന്തല കുടിവെള്ള പദ്ധതിയില്‍ വിതരണം ചെയ്യുന്ന ജലം ഈയടുത്ത് വാട്ടര്‍ അതോറിറ്റി പരിശോധിച്ചപ്പോള്‍ മാരക വിഷാംശം കണ്ടെത്തിയിരുന്നു.

കമ്പനി ചാലക്കുടിപ്പുഴയിലൊഴുക്കുന്ന ദ്രാവക മാലിന്യങ്ങള്‍ പ്രദേശത്തെ ഉപരിതല-ഭൂഗര്‍ഭ ജലസമ്പത്തിനു നല്‍കുന്ന വിപത്ത് ചെറുതല്ല. പെരുന്തോടും ചാത്തന്‍ചാലും പോലുള്ള ചെറുതോടുകളിലെ ജലം പൂര്‍ണമായും മലിനീകരിക്കപ്പെട്ടു. കുടിവെള്ളത്തിനും, അലക്കു കുളിക്കും, കൃഷിക്കും ഈ തോടുകളെ ആശ്രയിക്കാന്‍ പറ്റാതായി. കാഡ്മിയം, ക്രോമിയം, ലെഡ്, നിക്കല്‍ തുടങ്ങിയ അതിഘന മൂലകങ്ങള്‍ വലിയ തോതില്‍ കലര്‍ന്ന് ജലസേചനത്തിനുപോലും ഉപയോഗിക്കാനാവാത്ത വിധം ജലം വിഷമയമായി. കാല്‍സ്യവും പുറന്തള്ളുന്ന മാലിന അവശിഷ്ടങ്ങളിലെ പ്രധാന സാനിധ്യമാണ്. ചാലക്കുടിപ്പുഴയിലെയും പെരുന്താണിപ്പുഴയിലെയും ജലത്തില്‍ കാല്‍സ്യവും ,അതിഘന മൂലകങ്ങളും അമിതതോതില്‍ കലര്‍ന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വേനലില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുന്നത് പെരുന്തോട്ടില്‍ സാധാരണമാണ്. കമ്പനി മലിനജലമൊഴുക്കുന്ന ഭാഗത്തിനടുത്ത കക്കാട് പമ്പ് ഹൌസില്‍ നിന്നെത്തുന്ന വെള്ളം ഉപയോഗിച്ചതോടെ വെള്ളരികൃഷി പൂര്‍ണമായി നശിച്ചെന്ന കര്‍ഷകന്റെ പരാതിയെ തുടര്‍ന്ന് പ്രദേശത്തെ മണ്ണും ജലവും പരിശോധിക്കാന്‍ ചാലക്കുടി മുന്‍സിഫ് കോടതി കമ്മീഷനെ നിയമിച്ചു.2006 മെയില്‍ ചാലക്കുടിപ്പുഴയില്‍ മല്‍സ്യങ്ങള്‍ കൂട്ടമായി ചത്തുപൊന്തി. പുലിക്കക്കടവിലും അപ്പിനിക്കടവിലുമായിരുന്നു ഇവ കൂടുതല്‍ കാണപ്പെട്ടത്. അന്തരീക്ഷം ദുര്‍ഗന്ധപൂരിതമായി. തുടര്‍ന്ന് റീജ്യനല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ ജലപരിശോധനയില്‍ ജലത്തില്‍ ആസിഡ് സാനിധ്യമുണ്ടെന്ന് വ്യക്തമായി. ജലത്തിലെ ലേയ ഓക്സിജന്റെ(dissolved Oxygen) സാന്നിധ്യം വളരെ കുറഞ്ഞു പോയെന്നും പരീക്ഷണ ഫലം പറഞ്ഞു. കൊടുങ്ങല്ലൂര്‍, മാള പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന വാട്ടര്‍ അതോറിറ്റി പമ്പ് ഹൌസും കമ്പനി ചാലക്കുടിപ്പുഴയില്‍ മാലിന്യം പുറന്തള്ളുന്ന ഭാഗത്തിനു തൊട്ടടുത്താണ്.

കാടുകുറ്റി പഞ്ചായത്തിലെ 8,10,12 വാര്‍ഡുകളില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സോഷ്യല്‍ വര്‍ക്സ് ഡിപ്പാര്‍ട്ട് മെന്റ് നടത്തിയ പഠനത്തില്‍ 40 ശതമാനം കിണറുകളിലും ജലം ഉപയോഗശൂന്യമെന്നു കണ്ടെത്തി.36.3ശതമാനം കിണറിലും അമിത അളവില്‍ ഖരമാലിന്യം അടങ്ങിയതായി പഠനം പറയുന്നു. ക്ലോറൈഡിന്റെ അംശം സാധാരണയിലും നാലുമടങ്ങ് അധികമാണ് ഇവിടങ്ങളിലെ ജലത്തിലെന്നും വ്യക്തമായി. ടി.ഡി.എസ് അളവും(total dissolved solids) ക്രമാതീതമാണെന്ന് പഠനത്തിലുണ്ട്. 2000മിലിഗ്രാം/ലിറ്റര്‍ എന്ന അനുവദനീയ അളവിനെ ബഹുദൂരം പിന്‍തള്ളി ഇവിടത്തെ ടി.ഡി.എസ് അളവ് 8750 മിലിഗ്രാം/ലിറ്ററില്‍ എത്തിയതായും വെളിപ്പെട്ടു.

തൃശൂരിലെ ജനനീതി വസ്തുതാന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ രാസ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. അവയുടെ വിശദാംശങ്ങള്‍:

* കിണര്‍ വെള്ളം-ഒരു സാമ്പിളില്‍ അമിതമായി കാല്‍സ്യം കണ്ടെത്തി. കുടിക്കാന്‍ പറ്റില്ല.
* പാടത്തെ വെള്ളം-പി.എച്ച് മൂലം കുറവ്. കാല്‍സ്യം കൂടുതല്‍. കുടിക്കാനും കൃഷിക്കും പറ്റില്ല.
* ഓസീന്‍ കഴുകിയ ജലം-കാഡ്മിയം,ലെഡ്, നിക്കല്‍ എന്നിവ കണ്ടെത്തി. ജലം അസിഡിക്. ഉയര്‍ന്ന അളവില്‍ കാല്‍സ്യം. കുടിക്കാനും കൃഷിക്കും പറ്റില്ല.
* തോട്ടുവെള്ളം-ഉയര്‍ന്ന കാല്‍സ്യം. അസിഡിക്. കുടിക്കാനും കൃഷിക്കും പറ്റില്ല.
* പുറന്തള്ളുന്ന വിഷ ജലം-കാല്‍സ്യം ആലോചിക്കാനാവാത്ത തോതില്‍. കുടിക്കാനും കൃഷിക്കും പറ്റില്ല.
*പുഴ വെള്ളം-വമ്പിച്ച അളവില്‍ കാല്‍സ്യം. നിക്കല്‍. കുടിക്കാന്‍ പറ്റില്ല.
*പെരുന്താന്നി പുഴ ജലം-വന്‍തോതില്‍ കാല്‍സ്യം. കുടിക്കാനും കൃഷിക്കും പറ്റില്ല.

വിഷം കേരളമാകെ
ഈ മലിനീകരണം കാതിക്കുടത്തിന്റെയോ തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തുകളുടെയോ മാത്രം വിഷയമെന്ന് കരുതി ദീര്‍ഘശ്വാസം വിടാനായില്ല. നോക്കൂ, നമ്മളാരും സുരക്ഷിതരല്ല. വളമെന്ന പേരില്‍ അതിമാരക മാലിന്യങ്ങള്‍ പല പേരുകളിലും അല്ലാതെയും കമ്പനി കേരളത്തിലാകെ എത്തിക്കുന്നുണ്ട്. പ്രതിദിനം 40 ഓളം ടിപ്പര്‍ ലോറികളില്‍ വളമെന്നു പേരിട്ട ഈ വിഷം കമ്പനിയില്‍നിന്നു പോവുന്നതായി സമീപത്തെ കടക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഒരു പരിശോധനാ ഉത്തരവ് തെറ്റായി വ്യഖ്യാനിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ അനുമതിയെ വീണ്ടും തെറ്റായി വ്യാഖ്യാനിച്ചാണ് കാതിക്കുടത്തെ മാരക മാലിന്യം കേരളമാകെ ഒഴുകുന്നത്. മീനച്ചില്‍ എന്ന പേരില്‍ കോട്ടയത്തെ ഒരു കമ്പനി ഇത് മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. ഇനിലക്കാര്‍ വഴി ചുളു വിലക്ക് ഇത് വിവിധ ജില്ലകളില്‍ വളമെന്ന നിലയില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. പാലക്കാട് കൊല്ലങ്കോട് വന്‍ തോതില്‍ ഇത് ഇറക്കാനുള്ള ശ്രമം രണ്ടു വര്‍ഷം മുമ്പ് നാട്ടുകാര്‍ തടഞ്ഞിരുന്നു. പാളയം പറമ്പ്, മൂരിയാട്, പെരുമ്പാവൂര്‍ തുടങ്ങഇയ സ്ഥലങ്ങളിലും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നെടുമ്പാശേãരി വിമാനത്താവളത്തിനു പിറകിലെ കൃഷിയിടത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ വളം ഇറക്കിയത് നാട്ടുകാര്‍ തടഞ്ഞിരുന്നു. വേഴക്കാട്ടുകരയില്‍ കമ്പനി നിക്ഷേപിച്ച ഖരമാലിന്യത്തിന് തീപിടിച്ച് സമീപവാസികള്‍ക്ക് ചുമയും ശ്വസനത്തകരാറുകളുമുണ്ടായി. തുടര്‍ന്ന് മാലിന്യം അവിടെ നിന്ന് നീക്കി. ചാലക്കുടിയില്‍ എം.കെ.എം മരക്കമ്പനിക്ക് അരികില്‍ നിക്ഷേപിച്ച മാലിന്യം പ്രദേശത്തെ ജലം വിഷമയാമാക്കിയതോടെ മീനുകള്‍ ചത്തൊടുങ്ങുകയും സസ്യങ്ങള്‍ നശിക്കുകയും ചെയ്തു.
ഖരമാലിന്യംനേരെ ചാലക്കുടി പുഴയിലേക്കു തള്ളുകയായിരുന്നു നേരത്തെ പതിവ്. പ്രതിഷേധം കനത്തപ്പോള്‍, കമ്പനി വിഷജലം മാത്രം പുഴയിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഖരമാലിന്യം സംസ്കരിച്ചെന്ന വ്യാജേന വളമായി പുറത്തേക്ക് അയക്കാനും തുടങ്ങി.

പുറന്തള്ളലിനു മുമ്പാണ് മാലിന്യം റോ എഫിഷ്യന്റ് ടാങ്കില്‍ മാലിന്യ സംസ്കരണ പ്രക്രിയക്ക് വിധേയമാക്കുന്നത്. എന്നാല്‍, ഇത് ചുണ്ണാമ്പ് ചേര്‍ത്ത് ആസിഡിനെ നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനത്തില്‍ മാത്രമൊതുങ്ങുന്നു. മറ്റ് രാസമാലിന്യങ്ങളെ സംസ്കരിക്കുന്ന യാതൊരു സംവിധാനവും ഇവിടെയില്ല. ഇങ്ങനെ ബാക്കിയാവുന്ന മാലിന്യ കുഴമ്പ്(sledge) ഉണക്കിയെടുത്താണ് വളമെന്നു പറഞ്ഞ് കേരളമാകെ അയക്കുന്നത്. അവശിഷ്ട പദാര്‍ഥങ്ങള്‍ കണക്കിലധികമായപ്പോഴാണ് വളമെന്ന ന്യായം കണ്ടെത്തിയത്.

കാര്‍ഷിക സര്‍വകലാശാല നല്‍കിയ സര്‍ടിഫിക്കറ്റില്‍ ഇവ ഭക്ഷ്യ വിളകള്‍ക്ക് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. കാഡ്മിയം, ലെഡ്, നികല്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും സര്‍ടിഫിക്കററ് വ്യക്തമാക്കി. ഇത് പരിഗണിച്ച് ഭക്ഷ്യവിളകള്‍ക്ക് ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 'വിനാശകാരി കാറ്റഗറിയില്‍'നിന്ന് ഈ മാലിന്യങ്ങളെ ഒഴിവാക്കിയത്. എന്നാല്‍, ഇത് അനുമതിയായി വ്യാഖ്യാനിച്ചാണ് കമ്പനി 'വള' വില്‍പ്പന നടത്തുന്നത്. ഈ 'വളം' ആദ്യം സമീപ പ്രദേശങ്ങളിലാണ് നിക്ഷേപിച്ചത്. അവിടങ്ങളില്‍ വന്‍ വിള നഷ്ടമായിരുന്നു ഫലം. കാതിക്കുടത്തെ മാലിന്യം ആണെന്ന് പറയാതെയാണ് ഇവ കേരളമാകെ വില്‍ക്കുന്നത്.

അടങ്ങാത്ത പുകപടലം
ഫാക്ടറിക്കു സമീപമുള്ള പ്രദേശങ്ങളില്‍ അന്തരീക്ഷം സദാ പുകമയമാണ്. ഡൈ കാല്‍സ്യം ഫോസ്ഫേറ്റ് പൊടിയും ഹൈഡ്രോക്ലോറിക് വാതകവും കലര്‍ന്ന് വായു ശ്വസനയോഗ്യമല്ലാതാവുന്നു. കാറ്റിനനുസരിച്ച് പഞ്ചായത്തിന്റെ പലയിടങ്ങളിലേക്കും ഇത് പ്രവഹിക്കുന്നു. വിദൂര പ്രദേശങ്ങളിലേക്ക് പോലും കാറ്റ് ദുര്‍ഗന്ധം വഹിച്ചെത്തുന്നു. പ്രത്യക്ഷത്തില്‍ പ്രശ്നക്കാരാണെന്നു തോന്നാത്ത പല രാസവസ്തുക്കളും ഇവിടെ കളം നിറഞ്ഞു നില്‍ക്കുന്നു. മണ്ണിലും ജലത്തിലുമുള്ള ക്രമാതീതമായ ക്ലോറൈഡ് സാനിധ്യം ഓര്‍ഗാനോ ക്ലോറൈഡുകള്‍ എന്ന അര്‍ബുദം വിതക്കുന്ന രാസവസ്തുക്കളുടെ പിറവിയിലേക്ക് നയിക്കുന്നു.

ജനനീതി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ആസ്ത്മ, കാന്‍സര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവ ഇവിടെ വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്ന കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍ എന്നിവരാണ് കൂടുതലും ഇരകളാവുന്നതെന്ന് റാം പ്രസാദ് കാഫ്ലെയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. തൊഴിലാളികള്‍ക്കും വിവിധ അസുഖങ്ങള്‍ കാണപ്പെടാറുണ്ടെങ്കിലും അവര്‍ രഹസ്യമായി വെക്കാറാണ് പതിവ്. ദൂരെയുള്ള ആശുപത്രികളില്‍ പലരും ചികില്‍സിക്കുന്നതായി നാട്ടുകാരും പറയുന്നു.

പത്ത് വര്‍ഷത്തിനിടെ കമ്പനി പരിസരത്ത് 60 പേര്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതായാണ് ആക്ഷന്‍ കൌണ്‍സില്‍ പറയുന്ന കണക്ക്.കാതിക്കുടത്ത് നടന്ന മെഡിക്കല്‍ ക്യാമ്പില്‍ എത്തിയ 250 പേരില്‍ 14 പേര്‍ക്ക് കാന്‍സറാണെന്നും തെളിഞ്ഞിരുന്നു. ശ്വാസകോശരോഗം, ചര്‍മ്മ രോഗങ്ങള്‍ എന്നിവയാണ് കൂടുതല്‍ പേര്‍ക്കെന്നും ക്യാമ്പില്‍ തെളിഞ്ഞു. തങ്ങള്‍ കണ്ടു മുട്ടിയ 70 ശതമാനം പേര്‍ക്കും ആസ്ത്മയാണെന്നാണ് ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.

കാതിക്കുടത്ത് രണ്ട് സര്‍ക്കാര്‍ ആശുപത്രികളുണ്ട്. ആയുവേദ, അലോപ്പതി ആശുപത്രികള്‍. ആയുര്‍വേദ ആശുപത്രിയില്‍ പഴയ മെഡിക്കല്‍ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് റാം പ്രസാദ് കോഫ്ലെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊറിച്ചില്‍കൂടുതലാണെന്ന് ശ്രദ്ധയില്‍ പെട്ടെന്നും എന്നാല്‍, മലിനീകരണമല്ല വൃത്തിയില്ലാത്ത ഭക്ഷണമാണ് അതിനു കാരണമെന്നുമാണ് ആയുര്‍വേദ ഡോക്ടര്‍ കാഫ്ലെക്ക് മൊഴി നല്‍കിയത്.

കമ്പനിയെ ന്യായീകരിക്കാനുള്ള ശ്രമമാണ് കാടുകുറ്റി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും നടത്തിയതെന്ന് കാഫ്ലെ പറയുന്നു. ശ്വാസ കോശരോഗം, കാന്‍സര്‍, ചര്‍മ്മരോഗം എന്നിവ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, മറ്റ് സ്ഥലങ്ങളില്‍ കാണുന്നതിനേക്കാള്‍ കൂടുതലല്ല അവയെന്നാണ് ഡോക്ടര്‍ തര്‍ക്കിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള കാടുകുറ്റി 10ാം വാര്‍ഡിന്റെ കാര്യം ഡോക്ടര്‍ മിണ്ടിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കിടത്തി ചികില്‍സാ ബ്ലോക്ക് പണിയാന്‍ 10 ലക്ഷം രൂപ കമ്പനി നല്‍കിയ കാര്യം ഡോക്ടര്‍ എടുത്തു പറഞ്ഞു. നെബ്യുലൈസര്‍ വാങ്ങാനും കിടക്കകളും തലയിണകള്‍ വാങ്ങാനും കമ്പനി സഹായിച്ച കാര്യവും ഡോക്ടര്‍ പറഞ്ഞു.



കൈയേറ്റം തകൃതി
കമ്പനിയുടെ മറ്റ് കൈയേറ്റങ്ങളും നിയമലംഘനങ്ങളും സമരസമിതിയും വിവിധ പഠനങ്ങളും അക്കമിട്ടു വിവരിക്കുന്നണ്ട്. അവ ഇവ:
* പൊതുസ്ഥലമായ കാരയ്ക്ക തോട് കയ്യേറി മാലിന്യം ഒഴുക്കുന്നു.
* . അലഞ്ഞു തിരിയുന്ന പശുക്കളെ കെട്ടാന്‍ പണ്ടു കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന 'കാവട' എന്ന പൊതു സ്ഥലം കയ്യേറി. ഈ ഭൂമി കമ്പനി മതില്‍കെട്ടി സ്വന്തമാക്കി.
* പൊതുവഴിയായിരുന്ന കാടുകുറ്റി-തൈക്കൂട്ടം റോഡ് കമ്പനി കയ്യടക്കി. ഇതിപ്പോള്‍ മതിലിനുള്ളിലാണ്.
* കമ്പനിയുടെ പുറകില്‍ ഹരിജന്‍ കോളനിയിലേക്കുള്ള പൊന്നോടത്തു കുന്നു റോഡിനും ഇതേ ഗതി. ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം മുടക്കി നിര്‍മിച്ച റോഡാണിത്.
* കമ്പനിക്കു പുറകിലെ കൃഷിസ്ഥലങ്ങള്‍ മലിനീകരണം മൂലം ഉപയോഗ ശൂന്യമായി. അത് ചുളുവിലക്കു വാങ്ങി കമ്പനി സ്വന്തമാക്കി. അവിടെ ഒഴുകുന്ന കൈത്തോടുകളും കമ്പനിക്കു സ്വന്തമാണ് ഇന്ന്.
* ദൂരപരിധി നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനി ലൈസന്‍സ് സമ്പാദിച്ചത്. 250 മീറ്റര്‍ ചുറ്റളവില്‍ ജനവാസമില്ലെന്ന് കാട്ടിയാണ് ലൈസന്‍സ് സമ്പാദിച്ചത്. എന്നാല്‍, മതിലിനടുത്തു തന്നെ ജനങ്ങള്‍ തിങ്ങിക്കഴിയുന്നുണ്ട്. തൊട്ടടുത്തു തന്നെ 40 ഓളം വീടുകളുണ്ട്.
* പൊതുസ്ഥലത്തു കൂടെയാണ് മാലിന്യം ഒഴുക്കുന്നത്. ചാലക്കുടി പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നത് അനുമതിയില്ലാതെയാണ്. അങ്ങോട്ടേക്ക് പൈപ്പിട്ടതിനും അനുമതിയില്ല. പൈപ്പ് ചെല്ലുന്നിടത്ത് കാവല്‍പ്പുര നിര്‍മിച്ചതും അനുമതിയില്ലാതെ.
* സ്വകാര്യ വ്യക്തികളുടെ സ്ഥലവും കൈയേറിയതായി തെളിഞ്ഞിണ്ടുണ്ട്. മൊതയില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഇതില്‍ പെടുന്നു. അനുവാദമില്ലാതെയാണ് മാരക മാലിന്യങ്ങള്‍ പുറന്തള്ളുന്ന കുഴല്‍ ഇയാളുടെ പറമ്പിലൂടെ സ്ഥാപിച്ചത്. ബാബു നല്‍കിയ പരാതിയില്‍ മൂന്നാഴ്ച മുമ്പ് പഞ്ചായത്ത് ഡയരക്ടര്‍ അന്വേഷണം നടത്തിയിരുന്നു.
* കമ്പനി നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍ക്കാഴ്ചയാണ് റോഡിലേക്കും സമരസമിയുടെ പന്തലിലേക്കും തിരിച്ചുവെച്ച ഹൈ റസല്യൂഷന്‍ നിരീക്ഷണ കാമറകള്‍. ഭരണഘടന അനുശാസിക്കുന്ന പൌരന്റെ സ്വകാര്യതയുടെ ലംഘനമാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിലൊന്നു നാട്ടുകാര്‍ തകര്‍ത്തുവെന്ന് പറഞ്ഞ് പൊലീസ് നടപടി ഉണ്ടായി.
* കമ്പനി ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടിയത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെയാണ്. ഇക്കാര്യത്തില്‍ ബോര്‍ഡും കമ്പനിയും നടത്തിയ കത്തിടപാടുകള്‍ ഇതിനു തെളിവാണ്.

പഠനം പാഴ്വാക്ക്
ഇവിടങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കാര്യമായ പഠനങ്ങള്‍ ഇനിയും നടന്നിട്ടില്ല. മൂന്ന് പതിറ്റാണ്ടിന്റെ കമ്പനി പ്രവര്‍ത്തനം എന്ത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചെന്ന് പഠിക്കാനുള്ള ബാധ്യത സര്‍ക്കാറിന് ഉണ്ടെങ്കിലും ഒന്നും നടന്നിട്ടില്ല. കാര്‍ഷിക സര്‍വകലാശാല, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കേരള വനഗവേഷണ കേന്ദ്രം തുടങ്ങിയ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ പരിസരത്തുണ്ടെങ്കിലും അര്‍ഥവത്തായ ഇടപെടല്‍ ഉണ്ടായിട്ടില്ല. വിവിധ സ്വകാര്യ മെഡിക്കല്‍ കോളജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ഉണ്ടങ്കിലും എന്തു കൊണ്ട് മനുഷ്യര്‍ മരിച്ചു തീരുന്നുവെന്ന് കണ്ടെത്താന്‍ ആര്‍ക്കും താല്‍പര്യമില്ല. കാണുന്നിടത്തെല്ലാം പരിസ്ഥിതി സംഘടനകളും എന്‍.ജി.ഒകളുമാണെങ്കിലും അവര്‍ക്കും ഈ മണ്ണില്‍ താല്‍പര്യം കുറവാണെന്നാണ് അനുഭവം.

മണ്ണുത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനനീതി ട്രസ്റ്റ് പുറത്തിറക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്, നെതര്‍ലാന്റ് സര്‍വകലാശാലയിലെ ഗവേഷകന്‍ റാം പ്രസാദ് കാഫ്ലെ, ഡോ. ലതിക, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ മാത്രമാണ് ഇവിടെ അന്വേഷണങ്ങള്‍ നടത്തിയത്. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ആരോഗ്യ ക്യാമ്പുകളും ഗവേഷണ പ്രവര്‍ത്തനങ്ങഴും നടത്തണമെന്ന് ഇവരെല്ലാം ശിപാര്‍ശ ചെയ്തിട്ടും ഒന്നും നടന്നില്ല.

മാസം തോറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നതടക്കം നിയമങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ല. ആരെങ്കിലും കോടതിയില്‍ പോവുകയയോ പ്രതിഷേധവുമായി രംഗത്തു വരികയോ ചെയ്താല്‍ കമ്പനിയെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടുകളുമായി രംഗത്തു വരുന്ന പണി മാത്രമേ ബോര്‍ഡ് ചെയ്യാറുള്ളൂ എന്നതിന് തെളിവുകള്‍ ഏറെയാണ്.

തൃശൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ 2010 മാര്‍ച്ച് 18നു നടന്ന ഏകദിന പഠന ക്യാമ്പ് രസകരമായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് സംഘം റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് ടീമുകളിലായി 14 ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തത്. കാന്‍സര്‍ കണ്ടെത്തിയെങ്കിലും ജില്ലയിലെ മറ്റ് സ്ഥലങ്ങളിലുള്ളതിനേക്കാള്‍ കൂടുതലല്ല എന്നായിരുന്നു അവരുടെ അനുമാനം. എന്നാല്‍, വിവിധ രോഗങ്ങള്‍ വ്യാപകമാണെന്ന് അവരുടെ റിപ്പോര്‍ട്ട് കൂട്ടിവായിച്ചാല്‍ വ്യക്തമാണെന്ന് കാഫ്ലെ വ്യക്തമാക്കുന്നു.

നിയമങ്ങള്‍ നോക്കുകുത്തി
നിയമം പാലിക്കപ്പെടുന്നതിന്റെ ആവശ്യകതയെക്കുറിച്ച ഉപന്യാസങ്ങളാണ് കമ്പനിയുടെ വെബ്സൈറ്റില്‍ നിറയെ. നിയമ വിധേയത്വമാണ് കമ്പനിയുടെ കോര്‍പറേറ്റ് ഫിലോസഫി. എന്നാല്‍, നിരവധി നിയമങ്ങള്‍ ലംഘിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇക്കാര്യം പരിഗണിച്ച് സര്‍ക്കാറുകള്‍ക്ക് കമ്പനി ലൈസന്‍സ് റദ്ദാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, ഒന്നും സംഭവിക്കുന്നില്ല. കമ്പനി ലംഘിക്കുന്ന പ്രധാന നിയമങ്ങള്‍ ഇവ:

* ജല (മലിനീകരണണ നിയന്ത്രണവും തടയലും) നിയമം, 1974
* വായു (മലിനീകരണണ നിയന്ത്രണവും തടയലും) നിയമം, 1981
* പരിസ്ഥിതി സംരക്ഷണ നിയമം, 1986
* വിനാശമാലിന്യ (മാനേജ്മെന്റ് ആന്റ് ഹാന്റ്ലിങ്) നിയമങ്ങള്‍.
ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം ജല മലിനീകരണം ക്രിമിനല്‍ കുറ്റമാണ്. ആ ഒറ്റ കുറ്റം പരിഗണിച്ച് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാം. ഇതു കൂടാതെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21, 39ബി, 48 എ എന്നിവയും കമ്പനി ലംഘിക്കുന്നതായി ഇക്കാര്യങ്ങള്‍ പഠിച്ച കാഫ്ലെ ചൂണ്ടിക്കാട്ടുന്നു.

സമരസമിതിയും നാട്ടുകാരും വിവിധ കോടതികളില്‍ കേസുകള്‍ നല്‍കിയെങ്കിലും തീര്‍പ്പുണ്ടായിട്ടില്ല. 2004ല്‍ പരിസരവാസിയായ ജിജോ മാത്യു നല്‍കിയ കേസില്‍ ഹൈക്കോടതി പരിസ്ഥിതി എഞ്ചിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മഴക്കാലത്തു വന്ന് സാമ്പിള്‍ എടുത്ത എഞ്ചിനീയറുടെ റിപ്പോര്‍ട്ട് കമ്പനിക്ക് അനുകൂലമായിരുന്നു. വളമെന്ന പേരില്‍ മാലിന്യം വിതരണം ചെയ്യുന്നതിനെതിരെ ആക്ഷന്‍ കൌണ്‍സില്‍ നല്‍കിയ കേസ് ഹൈക്കോടതിയില്‍ നിലവിലുണ്ട്. പി.ആര്‍ ബാബു, ജോഫി എന്നിവര്‍ നല്‍കിയ മലിനീകരണ കേസുകളും ഇഴഞ്ഞു നീങ്ങുന്നു.

എന്നാല്‍, സമയാസമയങ്ങളില്‍ കമ്പനി നല്‍കിയ കേസുകളില്‍ ഉടന്‍ നടപടി ഉണ്ടായിട്ടുണ്ട്. പഞ്ചായത്തി രാജ് ചട്ട പ്രകാരം അനുമതി ഇല്ലെന്ന് കാട്ടി പഞ്ചായത്ത് രണ്ട് തവണ കമ്പനി അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഹൈക്കോടതി ഉത്തരവുകര്‍ രണ്ട് തവണയും കമ്പനിക്ക് രക്ഷയായി. ഏറ്റവുമൊടുവില്‍ പഞ്ചായത്ത് തീരുമാനം മറികടന്ന കമ്പനി പുഴയിലേക്ക് ഒഴുക്കുന്ന മലിനീകരണ പൈപ്പ് അറ്റകുറ്റപ്പണി നടത്തിയതും ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണ്.

പഞ്ചായത്ത് സാക്ഷി
പഞ്ചായത്തി രാജ് നിയമ പ്രകാരം കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാം. എന്നാല്‍, അധികാരം കൈയാളുന്ന പാര്‍ട്ടികള്‍ കമ്പനിക്കെതിരെ നിലപാട് എടുക്കാന്‍ തയ്യാറാവാറില്ല. തെരഞ്ഞെടുപ്പുകള്‍ക്ക് അടക്കം പാര്‍ട്ടികള്‍ക്ക് കൈ അയച്ചു സംഭാവന നല്‍കുന്നവരാണ് കമ്പനി. കമ്പനിയുടെ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ തന്നെയാണ് പ്രദേശത്തെ മിക്ക പാര്‍ട്ടികളുടെ നേതാക്കളും. കമ്പനിയിലെ തൊഴിലാളി യൂനിയന്‍ നേതാവു തന്നെയായിരുന്നു നേരത്തെ പഞ്ചായത്ത് പ്രസിഡന്റ്. മലിനീകരണ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തില്‍ പുതിയ പഞ്ചായത്ത് കമ്മിറ്റി ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ കമ്പനിയുടെ പ്രധാന അഭ്യുദയകാംക്ഷിയായ ഡി.സി.സി നേതാവ് ഈയിടെ അവര്‍ക്കെതിരെ ശക്തമായ താക്കീതു നല്‍കി പ്രസ്താവന ഇറക്കിയിരുന്നു. ഈയിടെ ഉണ്ടായ ലാത്തിച്ചാര്‍ജിനിടെ കമ്പനി തൊഴിലാളി കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് വൈസ്പ്രസിഡന്റിനെ മര്‍ദിച്ചത് അവഗണിച്ചായിരുന്നു ഇത്.

കമ്പനിക്ക് പ്രവര്‍ത്തിക്കാനും മലിന ജലം ഒഴുക്കാനും വെള്ളം എടുക്കാനുമെല്ലാം പഞ്ചായത്തിന്റെ അനുമതി വേണം. എന്നാല്‍, ഒരു കാര്യങ്ങളിലും കമ്പനി പഞ്ചായത്തിനെ ഗൌനിക്കാറില്ല. 1994ലാണ് പഞ്ചായത്തി രാജ് ആക്റ്റ് നിലവില്‍ വന്നതെന്നും തങ്ങള്‍ അതിനുമുമ്പേ പ്രവര്‍ത്തിക്കുന്നവരാണെന്നുമാണ് കമ്പനിയുടെ ന്യായം. ഉന്നത ബ്യൂറോക്രാറ്റുകളുടെ പിന്‍ബലമുള്ളതിനാല്‍ ജലചൂഷണം അടക്കമുള്ള വിഷയങ്ങളില്‍ പഞ്ചായത്തിന് കാര്യമായെന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആക്ഷന്‍ കൌണ്‍സില്‍ നാല് സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത്.

ഒമ്പതാം വാര്‍ഡില്‍ മല്‍സരിച്ച ഷേര്‍ളി പോള്‍ വിജയിച്ചു. കമ്പനിയുടെ സഹായത്തോടെ രാഷ്ട്രീയക്കാര്‍ ഒറ്റക്കൊയിട്ടും മല്‍സരിച്ച ഇടങ്ങളില്‍ കൌണ്‍സില്‍ സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി.
എന്നാല്‍, മലിനീകരണം അവഗണിക്കാനാവാത്ത വിഷയമായി മാറിയ സാഹചര്യത്തില്‍ കുറച്ചു കാലമായി പഞ്ചായത്ത് ശക്തമായ നിലപാട് സ്വീകരിക്കാറുണ്ട്. ഉല്‍പ്പാദന പ്രക്രിയ മെച്ചപ്പെടുത്തുക, മേഖലയിലെ മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമായി കമ്പനിക്ക് പഞ്ചായത്ത് 15 ദിവസത്തെ അന്ത്യശാസം നല്‍കിയിരുന്നു. 209ലും 2010ലുമായി കമ്പനി അടച്ചിടാന്‍ മെമ്മോ നല്‍കുകയും ചെയ്തു. എന്നാല്‍, ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ കമ്പനി പഞ്ചായത്ത് ഉത്തരവു മറികടന്നു.

തൊഴില്‍ എത്രപേര്‍ക്ക്
ജോലി അടക്കമുള്ള കാരണങ്ങള്‍ പറഞ്ഞാണ് തൊഴിലാളി യൂനിയനുകളും പാര്‍ട്ടികളും എന്നും കമ്പനിക്കൊപ്പം നില്‍ക്കുന്നത്. എന്നാല്‍, നാട്ടുകാര്‍ക്ക് കാര്യമായ തൊഴിലവസരങ്ങള്‍ കമ്പനി നല്‍കുന്നില്ലെന്നതാണ് വാസ്തവം. തൊഴിലാളികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങള്‍ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, ഗ്രാമപഞ്ചായത്ത് കണക്കു പ്രകാരം മാനേജ്മെന്റ് അടക്കം ആകെ 127 തൊഴിലാളികളാണ് ഉള്ളത്. ഇവരില്‍ 30 പേരാണ് നാട്ടുകാര്‍. അതു തന്നെ ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. സ്ഥിരം തൊഴിലാളികള്‍ ഭൂരിഭാഗവും പുറത്തുള്ളവരാണ്. ഒറീസ ബംഗാള്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള ദിവസക്കൂലിക്കാരുമുണ്ട്.

എന്നാല്‍, കമ്പനി വന്നതോടെ തൊഴില്‍ നഷ്ടമായവരുടെ എണ്ണം ഇതിലും എത്രയോ മടങ്ങാണ്. മല്‍സ്യം പിടിച്ചു ജീവിക്കുന്നവര്‍ മീന്‍ ഇല്ലാതായതോടെ തൊഴില്‍രഹിതരായി. കര്‍ഷക തൊഴിലാളികള്‍ പാടങ്ങള്‍ പാഴായതോടെയും. 400 ഏക്കര്‍ കൃഷി ഭൂമിയാണ് മലിനീകരണം മൂലം ഉപയോഗ ശൂന്യമായതെന്ന പഞ്ചായത്ത് കണക്ക് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

എന്തുകൊണ്ട് ഇങ്ങനെ
സ്വാഭാവികമായും ചോദിക്കാം, ഇത്ര ഗുരുതരമായ പ്രശ്നങ്ങള്‍ മൂന്ന് പതിറ്റാണ്ടായി നിലനില്‍ക്കുമ്പോള്‍ കാതിക്കുടത്തുകാര്‍ എന്തു ചെയ്യുകയായിരുന്നു. കാര്യമായ പ്രതിഷേധമൊന്നും ഇവിടെ ഉണ്ടായില്ല എന്നത് വാസ്തവമാണ്. സമാന സാഹചര്യങ്ങള്‍ നിലനിന്ന കോഴിക്കോട് മാവൂരില്‍ ആദ്യം കാലം മുതല്‍ നടന്ന വമ്പന്‍ പ്രക്ഷോഭങ്ങള്‍ ഇവിടെ സംഭവിച്ചിട്ടില്ല. പലതാവാം കാരണങ്ങള്‍. നിരക്ഷരരും സാധാരണ തൊഴിലാളികളും കൂടുതലുള്ള പ്രദേശത്ത് കമ്പനിക്കെതിരെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല.  ശക്തരായ പാര്‍ട്ടികളും യൂനിയനുകളും നിസ്സഹകരിക്കുന്നതും കമ്പനിയുടെ പ്രവര്‍ത്തനങ്ങളും ഇതിനു കാരണമായി.

മറ്റെല്ലാ ഇടങ്ങളിലെയും പോലെ കമ്പനി തുടങ്ങുമ്പോള്‍ ഇവിടെയുള്ളവര്‍ക്കും പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍, ഒരു കെമിക്കല്‍ ഫാക്ടറി ജീവനക്കാരനായിരുന്ന കണ്ണമ്പലത്ത് അയ്യപ്പന്‍ നായര്‍ തുടക്കത്തിലേ അപകടം എടുത്തു പറഞ്ഞിരുന്നു. എന്നാല്‍ അതാരും കണക്കിലെടുത്തില്ല. മുന്നറിയിപ്പുകള്‍ ഭ്രാന്തന്‍ ജല്‍പ്പനങ്ങളായി സഹജീവികള്‍ കണക്കിലെടുത്ത.
പിന്ന്ീട്, 1995-96 കാലഘട്ടത്തില്‍ പൌരസമിതി എന്ന പേരില്‍ കമ്പനിക്കെതിരെ പ്രക്ഷോഭം നടന്നു. ഷാജി ജോസഫ് എന്ന ചെറുപ്പക്കാരനായിരുന്നു നേതാവ്. എന്നാല്‍, പൊടുന്നനെ ഷാജി കമ്പനിയില്‍ ജോലിക്കു കയറി. ഇതോടെ സമരം പൊളിഞ്ഞു. സമാനമായ അനുഭവം മുമ്പും ഉണ്ടായിരുന്നതായി പറയുന്നു.

പിന്നീട് 2008ല്‍ ആക്ഷന്‍ കൌണ്‍സില്‍ നിലവില്‍ വന്നു. ജെ. ജോസഫായിരുന്നു ചെയര്‍മാന്‍. മേധാ പട്കര്‍, ബിനായക് സെന്‍, ദയാഭായി തുടങ്ങിയവരുടെ സാന്നിധ്യവും പുറത്തുള്ള പല സംഘടനകളുടെ പിന്തുണയും അവര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന്, വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. കമ്പനിക്കുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. അതിപ്പോള്‍ 200 ദിവസം പിന്നിട്ടു. മുന്‍ സമര നേതാക്കള്‍ കാലുമാറിയതുപോലെ സംഭവിക്കില്ലെന്ന് ആണയിട്ട് നോട്ടീസ് ഇറക്കിയാണ് കൌണ്‍സില്‍ ജനങ്ങളിലക്ക് ചെന്നത്.

എന്നാല്‍, പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഒട്ടും കാര്യക്ഷമമല്ല. മാധ്യമങ്ങളും സന്നദ്ധ സംഘടനകളും സമരം കണ്ടില്ലെന്ന് നടിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാനുള്ള വ്യാപക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മാവോയിസ്റ്റ്, നക്സലൈറ്റ് മുദ്രകള്‍ക്കു പിന്നാലെ ഭീകരവാദി എന്ന വിശേഷണവും സമരക്കാര്‍ക്കെതിരെയുണ്ട്.

(2011 ജനുവരി 31ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment