Tuesday 25 June 2013

കാതിക്കുടം വിളിക്കുന്നു / കുഴൂര്‍ വില്‍സണ്‍




നല്ല പനിയായിരുന്നു. എന്നാലും പ്രദീപ് ഭാസ്ക്കർ വിളിച്ചപ്പോൾ പോവാൻ തോന്നി. കാതിക്കുടത്തേക്ക്. അവിടെ കുറെ മനുഷ്യർ പട്ടിണി കിടക്കുന്നു. പിറന്ന ഗ്രാമത്തിൽ നല്ല വായു ശ്വസിച്ച് ജീവിക്കാൻ. അതിലൂടെ ഒഴുകുന്ന പുഴയിലേക്ക് വിഷമൊഴുക്കാതിരിക്കാൻ. ചാലക്കുടി യാത്രയിൽ കണ്ടിട്ടുണ്ട് എങ്കിലും ഞാനും കാതിക്കുടത്തെ മറന്ന് തുടങ്ങിയിരുന്നു

രാവിലെ അമ്മിണിയേയും കൂട്ടി പ്രദീപിന്റെ കൂടെ കാതിക്കുടത്തേക്ക് പോയി. പുഴ കാണണം പുഴ കാണണം എന്നമ്മിണിയുടെ പാട്ട്. പ്രദീപിന്റെ കവിതകൾ. ഇടക്ക് ഞങ്ങൾ രണ്ട് മൂന്ന് അയമോദക ഗുളികകൾ തിന്നു .

മൂഴിക്കുളം പാലത്തിൽ കരിങ്കൊടി. ഞങ്ങളെ കൊല്ലല്ലേയെന്ന് പുഴയിലെ മീനുകളുടെ പ്രാർത്ഥന. മൂഴിക്കുളം ശാലയുടെ കാര്യക്കാരൻ പ്രേമേട്ടന്റെ ഉത്സാഹം ( പഴയ ഡി സി എറണാകുളം മാനേജർ)

കാതിക്കുടമെത്തി. കൊരട്ടി വളവു കഴിഞ്ഞപ്പോഴേക്കും മണവുമെത്തി. അത്ര ദുർഗന്ധം ഈയടുത്ത് ശ്വസിച്ചിട്ടില്ല. കാതിക്കുടത്തിനു ഇപ്പോഴും എന്തൊരു ഭംഗിയാണു. എന്തൊരു പച്ചപ്പ്. പക്ഷേ മൂക്ക് തുറക്കാതെ നോക്കണം. ഹോ . സഹിക്കാൻ വയ്യാത്ത മണം. ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു. അത്ഭുതം തോന്നി

നീറ്റ ജലാറ്റിൻ കമ്പനിയെത്തി. കമ്പനിയുടെ ഇടത് വശത്ത് ഒരു പന്തലിൽ പോലീസുകാർ.
വലത് വശത്ത് പട്ടിണി കിടക്കുന്ന സമരക്കാർ. ഇരു കൂട്ടരോടും ബഹുമാനം തോന്നി. ഞങ്ങൾക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല. അത്രയ്ക്ക് മണം

നേരെ വിട്ടു. സച്ചിദാനന്ദൻ പുഴങ്കരയുടെ നാടായ അന്നനാട് വഴിയിലേക്ക്. ഹോ. എന്ത് രസമുള്ള ഗ്രാമം. കുഴൂരു പോലും ഏഴ് അയലത്ത് എത്തില്ല. ഇടക്ക് ഞാനത് പ്രദീപിനോട് പറഞ്ഞു. അവൻ പറഞ്ഞു. പറഞ്ഞിട്ടെന്താണു. പുഴയെവിടെ പുഴയെവിടെ ഇടയ്ക്കമ്മിണിയുടെ പാട്ട്. വഴിയിൽ നിറുത്തി ഓരോ സിഗരറ്റ് കത്തിച്ച് വലിച്ച് ഞങ്ങൾ സമരപന്തലിലെത്തി

സമരത്തിനു മുന്നിൽ നിൽക്കുന്ന അനിൽ കുറെ കാര്യങ്ങൾ പറഞ്ഞു. ചുറ്റിനും സഹിക്ക വയ്യാത്ത ദുർഗന്ധം. ചെറുതായി ചൊറിച്ചിലും തുടങ്ങി. കണ്ണും നീറുന്നു. ഞങ്ങൾ അവിടെ ഇരുന്നിട്ട് 10 മിനിറ്റേ ആകുന്നുള്ളൂ

ഒരു ദിവസം 150 ടണ്ണിലധികം എല്ലാണു അവിടെ സംസ്കരിക്കുന്നത്. ലക്ഷകണക്കിനു ലിറ്റർ ആസിഡ് ഉപയോഗിച്ച്. വെള്ളം എടുക്കുന്നത് പുഴയിൽ നിന്ന്. ഉണ്ടാകുന്ന മലിന ജലം ഒഴുക്കുന്നത് പുഴയിലേക്ക്. കമ്പനിയിൽ നിന്ന് പുഴ വരെ പൈപ്പ് ഇട്ടിരിക്കുന്നു. പൈപ്പ് പോകുന്ന പാടങ്ങളും മറ്റും കമ്പനി പൊന്നും വില കൊടുത്ത് വാങ്ങി

പതിവ് പോലെ എവിടെയും ചെലവാകാത്ത സങ്കടം മാത്രം. കണ്ണ് നീറുന്നു. മേലാകെ ചൊറിയുന്നു. മനസ്സ് എരിയുന്നു. പ്രദീപിനെയും അമ്മിണിയേയും കൊണ്ട് രക്ഷപ്പെട്ടു. അവിടെ നിന്നും

കേരളത്തിന്റെ മുഖ്യമന്ത്രീ, മലിനീകരണ നിയന്ത്രണബോർഡിലെ സാറമ്മാരെ, അവരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഉണ്ണുന്നവരേ, കമ്പനി നിരോധിക്കണ്ട. പ്ലീസ്. അവിടേക്ക് ഒന്ന് വരുമോ. ഒരു മണിക്കൂർ അവിടെ ചെലവഴിക്കുമോ. ആ പച്ചപ്പുള്ള കാതിക്കുടം എന്ന ഗ്രാമത്തിൽ പ്ലീസ്


No comments:

Post a Comment