Sunday, 30 June 2013

കാതിക്കുടം സമരത്തിന്‌ ഐക്യദാർഡ്യം




 കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
 എ ഐ വൈ എഫ് (AIYF) 
പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു




കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് സോളിഡാരിറ്റി
യൂത്ത് മൂവ് മെന്റ് ( Solidarity Youth Movement )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട്
(BJP / YUVMORCHA) ബി ജെ പി /യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


കാതിക്കുടം സമരത്തിനുഅഭിവാദ്യ മര്‍പ്പിച്ചു കൊണ്ട് വെല്‍ഫയര്‍ പാര്‍ട്ടി / (welfare party of india )പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു


മരണം വരെ നിരാഹാര സമരത്തിനു വരവര റാവു അഭിവാദ്യം അര്‍പ്പിച്ചു


 വരവര റാവു കാതിക്കുടത് എത്തിയപ്പോള്‍





കാതിക്കുടം വിളിക്കുന്നു / മരണം വരെ നിരാഹാര സമരത്തിനു വരവര റാവു അഭിവാദ്യം അര്‍പ്പിച്ചു. ജനങ്ങൾക്കെതിരെ നടക്കുന്ന അധിനിവേശങ്ങൾ എക്കാലവും ചെറുക്കപ്പെടണം. പോരാട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല

വരവര റാവു

പ്രകൃതി / സംഗീത ശില്പം

കാതിക്കുടം സമരം ശക്തിയാർജിക്കുന്നു
കാതിക്കുടം ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് കലാമണ്ഡലം സംഗീത അവതരിപ്പിച്ച പ്രകൃതി എന്ന സംഗീത ശില്പം

കാതിക്കുടം വിളിക്കുന്നു… / ഷിനി ജെ.കെ


കാതിക്കുടം വിളിക്കുകയാണ്. വര്‍ഷങ്ങളായി ഈ വിളി തുടങ്ങിയിട്ട്… പക്ഷേ, ഇതൊരു അവസാനവട്ട വിളിയാണ് . കാതിക്കുടത്തിന്റെ അതിജീവന സമരം അതിന്റെ അന്തിമഘട്ടത്തിലാണ്.  ” പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക ” എന്നു മാത്രമാണ് കാതിക്കുടത്തിന് ഇപ്പോള്‍ ആഹ്വാനം ചെയ്യാനുള്ളത്.
ചാലക്കുടിപ്പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തെ ‘നിറ്റാ ജലാറ്റിന്‍ ഇന്ത്യാ ലിമിറ്റഡ്’ എന്ന കുത്തക കമ്പനിക്കെതിരെ ഇവിടുത്തുകാര്‍ നിരന്തര സമരത്തിലേര്‍പ്പെട്ടിട്ട് 5 ലേറെ വര്‍ഷങ്ങളായി.

NGIL  കമ്പനിയുടെ ഉത്പാദന പ്രക്രിയകള്‍ക്കായി വന്‍തോതില്‍ ചാലക്കുടിപ്പുഴയില്‍ നിന്നും വെള്ളം കൊള്ളയടിക്കുകയും ശേഷമുള്ള മലിനജലം അതേ പുഴയിലേക്ക് തിരിച്ച്  ഒഴുക്കി വിടുകയും ചെയ്യുന്ന   NGIL  നടപടിക്ക് എതിരെയാണ് ജനങ്ങള്‍ സമരവുമായി രംഗത്തു വരുന്നത്.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പല ഘട്ടത്തിലും സമരം അതിന്റെ
മൂര്‍ദ്ധന്യാവസ്ഥയിലെത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും, കാതിക്കുടം തുടര്‍ച്ചയായി ഇത്രമേല്‍ തീവ്രമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.
ആറ് വര്‍ഷത്തോടടുത്ത സമരചരിത്രത്തില്‍ നിരന്തരം വ്യത്യസ്തമായ സമരമുറകള്‍ പരീക്ഷിക്കാനും ഏറെ സര്‍ഗ്ഗാത്മകമായി സമരത്തെ മുന്നോട്ടു കൊണ്ടുപോകുവാനും ഇവിടുത്തുകാര്‍ക്ക് കഴിഞ്ഞു.
ഇക്കഴിഞ്ഞ മെയ് 28,29,30,31 ദിവസങ്ങളിലായി ചാലക്കുടിപ്പുഴയില്‍ മത്സ്യങ്ങള്‍ വ്യാപകമായി ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ്, ഇപ്പോള്‍ സമരം വീണ്ടും ശക്തിപ്പെട്ടിരിക്കുന്നത്.
തുടര്‍ ആലോചനകള്‍ക്ക് ശേഷം കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 14 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. അതുവരെയുള്ള ദിവസങ്ങളില്‍ അന്നമനട, മൂഴിക്കുളം, കണക്കന്‍കടവ് തുടങ്ങിയ പരിസര പ്രദേശങ്ങളിലെല്ലാം പ്രകടനങ്ങളും പൊതുയോഗങ്ങളും റോഡ് ഉപരോധവുമെല്ലാം സംഘടിപ്പിച്ച് സമരത്തിന് ശക്തിയേകാന്‍ സമരസമിതിക്ക് സാധിച്ചു.
കെ.എം. അനില്‍കുമാര്‍ കണ്‍വീനറും, ജയന്‍ജോസഫ് പട്ടത്ത് ചെയര്‍മാനും, സിന്ധുസന്തോഷ് ജനറല്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാതിക്കുടം സമരം ശക്തിപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 14 ഓടുകൂടി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സിന്ധുസന്തോഷ് കാടുകുറ്റി പഞ്ചായത്ത് 9-ാം വാര്‍ഡ് മെമ്പര്‍ ഷേര്‍ളി പോള്‍ എന്നിവര്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
നിരാഹാരത്തിന്റെ അഞ്ചാം നാള്‍ ഇരുവരെയും പോലീസ് അറസ്റ്റുചെയ്തു നീക്കി ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വീട്ടമ്മമാരായ അംബിക രാജന്‍, ഗിരിജാ ലോഹിതാക്ഷന്‍ എന്നിവര്‍ നിരാഹാരസമരം ഏറ്റെടുത്തു.
മൂന്ന് ദിവസത്തിന് ശേഷം ജൂണ്‍ 21 ന് വൈദ്യപരിശോധനക്കുശേഷം പോലീസ് ഇവരേയും അറസ്റ്റ് ചെയ്തു ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് നിരാഹാരമനുഷ്ഠിച്ച ത്രേസ്യാമ്മ മാത്യു, രജിത സുധീര്‍ എന്നിവരെ ജൂണ്‍ 24 നാണ് അറസ്റ്റുചെയ്തത്.  ഇപ്പോള്‍ സുജിഷ അനൂപ്, മിനി മോഹനന്‍ എന്നിവരാണ് നിരാഹാരം ഏറ്റെടുത്തിട്ടുള്ളത്.
നിരാഹാര സമരത്തിന് പുറമേ, നിരവധി പൊതുയോഗങ്ങളും പ്രകടനങ്ങളും ഐക്യദാര്‍ഢ്യ ജാഥകളുമെല്ലാം പല സ്ഥലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദിനം പ്രതി 100 കണക്കിനാളുകളാണ് സമരിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി കാതിക്കുടത്തേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുന്നത്.
മുന്‍ എം.എല്‍.എ. സൈമണ്‍ ബ്രിട്ടോ, എം.എല്‍.എ. ടി.എന്‍. പ്രതാപന്‍, ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫ്രാന്‍സീസ് പാറേക്കാടന്‍, ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ്. വിജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. പോള്‍സണ്‍ കൊടിയന്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍. ഉണ്ണികൃഷ്ണന്‍ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തകരായ റോബിന്‍ കേരളീയം, ജോണ്‍ പെരുവന്താനം, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഡോ: സി.എം. ജോയ്, കെ.പി.ശശികല, വി.ആര്‍.സത്യവാന്‍, തുടങ്ങിയ നിരവധി പ്രമുഖരും സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തിയവരില്‍ പെടുന്നു.
5 വര്‍ഷത്തെ സമരത്തിന്റെ നാള്‍ വഴികളില്‍ മഹാശേത്വാദേവി, ദയാഭായ്, ഗോവിന്ദാചാര്യ, ബിനായ്ക് സെന്‍,  മേധാപടര്‍കര്‍, സാറാജോസഫ്, സി. ശരത്ചന്ദ്രന്‍, ചാരുലത, സുകുമാര്‍ അഴീക്കോട് അടക്കമുളളവര്‍ കാതിക്കുടത്തിന്റെ ഒപ്പം ചേരാനെത്തിയിരുന്നു.
കടപ്പാട് / doolnews
 (തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക )

കാതിക്കുടം , പത്രക്കുറിപ്പുകളിലൂടെ / News Feeds












MA GEDS / ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല കാലടി




ശുദ്ധ വായുവിനും ,ജലത്തിനും മണ്ണിനും വേണ്ടി സമരം ചെയ്യുന്ന കാതിക്കുടം ജനത്തിനു ഐക്യദാർഡ്യം അറിയിക്കാന്‍ വേണ്ടിയാണ് ഞങള്‍ ഇവിടെയെത്തിയത് .ഇവിടെ സമരത്തിന്റെ ആവശ്യകത മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടിയാണ് . ഇതിനുമുകളില്‍ ആധിപത്യം പുലര്‍ത്താന്‍ ആര്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത് ? ഏതു കുത്തക കമ്പനിയോടാണ് എനിക്ക് ജീവിക്കാന്‍ ഉള്ള അവകാശത്തിനായി ഞാന്‍ ഇരക്കേണ്ടത്?ഞാന്‍ വോട്ടു ചെയ്ത് വിജയപ്പിച്ച അധികാരക്കൂട്ടം എന്തുചെയ്തു? NGIL ഒരു പ്രതീകമാണ്. അധികാരത്തിന്റെ, സാമ്രാജ്യത്വത്തിന്റെ പ്രതീകം. NGIL ന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഒരുങ്ങിക്കോളൂ... വിപ്ലവം തടുക്കാന്‍ ആര്‍ക്കും കഴിയില്ല.
MA GEDS
ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല
കാലടി


Tuesday, 25 June 2013

കാതിക്കുടം വിളിക്കുന്നു / കുഴൂര്‍ വില്‍സണ്‍




നല്ല പനിയായിരുന്നു. എന്നാലും പ്രദീപ് ഭാസ്ക്കർ വിളിച്ചപ്പോൾ പോവാൻ തോന്നി. കാതിക്കുടത്തേക്ക്. അവിടെ കുറെ മനുഷ്യർ പട്ടിണി കിടക്കുന്നു. പിറന്ന ഗ്രാമത്തിൽ നല്ല വായു ശ്വസിച്ച് ജീവിക്കാൻ. അതിലൂടെ ഒഴുകുന്ന പുഴയിലേക്ക് വിഷമൊഴുക്കാതിരിക്കാൻ. ചാലക്കുടി യാത്രയിൽ കണ്ടിട്ടുണ്ട് എങ്കിലും ഞാനും കാതിക്കുടത്തെ മറന്ന് തുടങ്ങിയിരുന്നു

രാവിലെ അമ്മിണിയേയും കൂട്ടി പ്രദീപിന്റെ കൂടെ കാതിക്കുടത്തേക്ക് പോയി. പുഴ കാണണം പുഴ കാണണം എന്നമ്മിണിയുടെ പാട്ട്. പ്രദീപിന്റെ കവിതകൾ. ഇടക്ക് ഞങ്ങൾ രണ്ട് മൂന്ന് അയമോദക ഗുളികകൾ തിന്നു .

മൂഴിക്കുളം പാലത്തിൽ കരിങ്കൊടി. ഞങ്ങളെ കൊല്ലല്ലേയെന്ന് പുഴയിലെ മീനുകളുടെ പ്രാർത്ഥന. മൂഴിക്കുളം ശാലയുടെ കാര്യക്കാരൻ പ്രേമേട്ടന്റെ ഉത്സാഹം ( പഴയ ഡി സി എറണാകുളം മാനേജർ)

കാതിക്കുടമെത്തി. കൊരട്ടി വളവു കഴിഞ്ഞപ്പോഴേക്കും മണവുമെത്തി. അത്ര ദുർഗന്ധം ഈയടുത്ത് ശ്വസിച്ചിട്ടില്ല. കാതിക്കുടത്തിനു ഇപ്പോഴും എന്തൊരു ഭംഗിയാണു. എന്തൊരു പച്ചപ്പ്. പക്ഷേ മൂക്ക് തുറക്കാതെ നോക്കണം. ഹോ . സഹിക്കാൻ വയ്യാത്ത മണം. ഇവിടെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു. അത്ഭുതം തോന്നി

നീറ്റ ജലാറ്റിൻ കമ്പനിയെത്തി. കമ്പനിയുടെ ഇടത് വശത്ത് ഒരു പന്തലിൽ പോലീസുകാർ.
വലത് വശത്ത് പട്ടിണി കിടക്കുന്ന സമരക്കാർ. ഇരു കൂട്ടരോടും ബഹുമാനം തോന്നി. ഞങ്ങൾക്ക് വണ്ടിയിൽ നിന്ന് ഇറങ്ങാൻ തോന്നുന്നില്ല. അത്രയ്ക്ക് മണം

നേരെ വിട്ടു. സച്ചിദാനന്ദൻ പുഴങ്കരയുടെ നാടായ അന്നനാട് വഴിയിലേക്ക്. ഹോ. എന്ത് രസമുള്ള ഗ്രാമം. കുഴൂരു പോലും ഏഴ് അയലത്ത് എത്തില്ല. ഇടക്ക് ഞാനത് പ്രദീപിനോട് പറഞ്ഞു. അവൻ പറഞ്ഞു. പറഞ്ഞിട്ടെന്താണു. പുഴയെവിടെ പുഴയെവിടെ ഇടയ്ക്കമ്മിണിയുടെ പാട്ട്. വഴിയിൽ നിറുത്തി ഓരോ സിഗരറ്റ് കത്തിച്ച് വലിച്ച് ഞങ്ങൾ സമരപന്തലിലെത്തി

സമരത്തിനു മുന്നിൽ നിൽക്കുന്ന അനിൽ കുറെ കാര്യങ്ങൾ പറഞ്ഞു. ചുറ്റിനും സഹിക്ക വയ്യാത്ത ദുർഗന്ധം. ചെറുതായി ചൊറിച്ചിലും തുടങ്ങി. കണ്ണും നീറുന്നു. ഞങ്ങൾ അവിടെ ഇരുന്നിട്ട് 10 മിനിറ്റേ ആകുന്നുള്ളൂ

ഒരു ദിവസം 150 ടണ്ണിലധികം എല്ലാണു അവിടെ സംസ്കരിക്കുന്നത്. ലക്ഷകണക്കിനു ലിറ്റർ ആസിഡ് ഉപയോഗിച്ച്. വെള്ളം എടുക്കുന്നത് പുഴയിൽ നിന്ന്. ഉണ്ടാകുന്ന മലിന ജലം ഒഴുക്കുന്നത് പുഴയിലേക്ക്. കമ്പനിയിൽ നിന്ന് പുഴ വരെ പൈപ്പ് ഇട്ടിരിക്കുന്നു. പൈപ്പ് പോകുന്ന പാടങ്ങളും മറ്റും കമ്പനി പൊന്നും വില കൊടുത്ത് വാങ്ങി

പതിവ് പോലെ എവിടെയും ചെലവാകാത്ത സങ്കടം മാത്രം. കണ്ണ് നീറുന്നു. മേലാകെ ചൊറിയുന്നു. മനസ്സ് എരിയുന്നു. പ്രദീപിനെയും അമ്മിണിയേയും കൊണ്ട് രക്ഷപ്പെട്ടു. അവിടെ നിന്നും

കേരളത്തിന്റെ മുഖ്യമന്ത്രീ, മലിനീകരണ നിയന്ത്രണബോർഡിലെ സാറമ്മാരെ, അവരുടെ കയ്യിൽ നിന്നും കാശ് വാങ്ങി ഉണ്ണുന്നവരേ, കമ്പനി നിരോധിക്കണ്ട. പ്ലീസ്. അവിടേക്ക് ഒന്ന് വരുമോ. ഒരു മണിക്കൂർ അവിടെ ചെലവഴിക്കുമോ. ആ പച്ചപ്പുള്ള കാതിക്കുടം എന്ന ഗ്രാമത്തിൽ പ്ലീസ്